ഡേട്ടൺ (ഒഹായോ): അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മിയാമി വാലി ഹോസ്പിറ്റലിൽ അപൂർവ "ബേബി ബൂം'. ആശുപത്രിയിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 17 നഴ്സുമാർ ഒരേ സമയത്ത് ഗർഭിണികളായതോടെയാണ് ഈ അപൂർവ സംഭവം ശ്രദ്ധേയമായത്.
ഇതോടെ 2019-ൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായിരുന്ന ആശുപത്രിയുടെ മുൻ റിക്കാർഡും മറികടന്നു. ഗർഭിണികളായ നഴ്സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.
പരസ്പരം അനുഭവങ്ങൾ പങ്കുവച്ചും ഗർഭകാലവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൈമാറിയും എല്ലാവരും ഈ പ്രത്യേക ഘട്ടം ഒരുമിച്ച് ആഘോഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രത്യേകതയെന്നാൽ, ചില നഴ്സുമാർക്ക് സ്വന്തം സഹപ്രവർത്തകരുടെ സാന്നിധ്യത്തിലും പരിചരണത്തിലുമാകും പ്രസവം നടക്കുക. ഒരേസമയം ഇത്രയും ജീവനക്കാർ പ്രസവാവധിയിലേക്ക് പോകുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ഉൾപ്പെടെ ഏകദേശം 200 നഴ്സുമാരും സപ്പോർട്ട് സ്റ്റാഫും പ്രവർത്തിക്കുന്നതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അറിയിച്ചു.
അസാധാരണമായ ഈ "ബേബി ബൂം' ആശുപത്രിയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടുകയാണ്.